Abroad/Gulf Career tips Latest

നഴ്സിങ് മേഖലയിൽ വമ്പൻ അവസരങ്ങൾ

  • February 2, 2025
  • 1 min read
നഴ്സിങ് മേഖലയിൽ വമ്പൻ അവസരങ്ങൾ

നഴ്സിങ് മേഖലയിൽ വമ്പൻ അവസരങ്ങൾ; ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന വിദേശ രാജ്യങ്ങൾ പരിചയപ്പെടാം

കേരളത്തിൽ നിന്ന് വിദേശത്തേക്ക് തൊഴിൽ തേടി ചേക്കേറുന്നവർ തെരഞ്ഞെടുക്കുന്ന പ്രധാനപ്പെട്ട മേഖലയാണ് നഴ്‌സിങ്. നമ്മുടെ നാട്ടിൽ നിന്ന് വ്യത്യസ്തമായി പല യൂറോപ്യൻ രാജ്യങ്ങളിലും നഴ്‌സിങ് മുതലായ മെഡിക്കൽ അനുബന്ധ ജോലികൾക്ക് സാധ്യതകൾ ഏറെയാണ്. (top-abroad-destinations-for-nursing-career) ശമ്പളത്തിന്റെ കാര്യം മുതൽ മികച്ച തൊഴിൽ സാഹചര്യവുമാണ് വിദേശ രാജ്യങ്ങൾ തൊഴിലാളികൾക്ക് നൽകുന്നത്. കഴിഞ്ഞ ദശാബ്ദങ്ങളിൽ മെഡിക്കൽ പ്രൊഫഷണലുകൾക്ക് ഡിമാന്റ് വർധിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ നല്ലൊരു ശതമാനം യുവാക്കളും ഇന്ന് നഴ്സിങ്, മെഡിസിൻ, ഫാർമസി, ഹെൽത്ത് കെയർ മേഖലകളിലെ കോഴ്സുകൾ തെരഞ്ഞെടുക്കുകയും ചെയ്യുന്നു.

എന്നാൽ കാലഘട്ടം മാറുന്നതിനനുസരിച്ച് തൊഴിലവസരങ്ങളിലും മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട്. വരും നാളുകളിൽ ഈ സാഹചര്യം കൂടി കണക്കിലെടുത്ത് തീരുമാനം എടുത്താൽ മാത്രമേ തൊഴിൽ മത്സരങ്ങളിൽ വിജയിക്കാൻ സാധിക്കൂ. നഴ്സിങ് മേഖലയിൽ വിദേശത്ത് കരിയർ ആ​ഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന രാജ്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും. 2025 ലെ കണക്കുകൾ പ്രകാരം നഴ്സുമാർക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ ഇവയാണ്, (തുക ഡോളറിലാണ് കണക്കാക്കുന്നത്)

സ്വിറ്റ്‌സർലാന്റ്

ലോകത്തിലെ തന്നെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നാണ് സ്വിറ്റ്‌സ്വർലാന്റ്. ബാങ്കിങ്, ഇൻവെസ്റ്റിങ് മേഖലകളിൽ സ്വിറ്റ്‌സ്വർലാന്റിനുള്ള കുത്തക യൂറോപ്പിൽ മറ്റാർക്കും ഉണ്ടെന്ന് കരുതാനാവില്ല. ചെറിയ രാജ്യമായത് കൊണ്ടുതന്നെ ആളോഹരി വരുമാനത്തിലും ജീവിത നിലവാരത്തിലും യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായും സ്വിറ്റ്‌സ്വർലാന്റ് മാറിയിരിക്കുന്നു. ഇതിൽ എടുത്ത് പറയേണ്ട ഒന്നാണ് സ്വിസ് ആരോഗ്യ മേഖല. ശക്തമായ സാമ്പത്തിക അടിത്തറ ജനങ്ങൾക്ക് ഏറ്റവും മികച്ച ആരോഗ്യ പരിപാലനം സാധ്യമാക്കാൻ സർക്കാരിനെ പ്രാപ്തരാക്കുന്നു.

അതുകൊണ്ട് തന്നെ നഴ്‌സിങ് അടക്കമുള്ള മെഡിക്കൽ ജോലിക്കാർക്ക് മികച്ച സാധ്യതയാണ് സ്വിറ്റ്‌സ്വർലാന്റ് മുന്നോട്ട് വെക്കുന്നത്. ഏകദേശം 99839 ഡോളറാണ് പ്രതിവർഷം സ്വിറ്റ്‌സ്വർലാന്റിലെ നഴ്‌സുമാർക്ക് ശരാശരി ശമ്പളം. ഏകദേശം 86 ലക്ഷം ഇന്ത്യൻ രൂപ. ഉയർന്ന ശമ്പള നിരക്കും, ജീവിത നിലവാരവും സ്വിറ്റ്‌സ്വർലാന്റിനെ പ്രവാസികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റിയിരിക്കുന്നു.

ലക്‌സംബർഗ്

2023ലെ വേൾഡ് ബാങ്ക് റിപ്പോർട്ട് പ്രകാരം കേവലം 6.69 ലക്ഷം ജനങ്ങൾ മാത്രമാണ് ലക്‌സംബർഗിലുള്ളത്. പക്ഷെ യൂറോപ്പിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായി ലക്‌സംബർഗ് മാറിയിരിക്കുന്നു. ടൂറിസം, ലോജിസ്റ്റിക്‌സ്, ഐടി തുടങ്ങിയ മേഖലകളാണ് രാജ്യത്തിന്റെ നട്ടെല്ല്. രാജ്യത്തിന്റെ ജിഡിപിയിൽ നല്ലൊരു ശതമാനം പങ്കും ഈ മേഖലകളിൽ നിന്നാണ്. പുറമെ സുസ്ഥിരമായ ഇൻവെസ്റ്റ്‌മെന്റ് പ്രോഗ്രാമുകൾ രാജ്യത്തിന്റെ മുഖച്ഛായ മാറ്റിയിരിക്കുന്നു.

നഴ്‌സിങ് പ്രൊഫഷണലുകൾക്ക് വൻ ഡിമാന്റാണ് ലക്‌സംബർഗിലുള്ളത്. ഏകദേശം 94,923 ഡോളറാണ് നഴ്‌സുമാർക്ക് വാർഷിക ശമ്പളമായി ലഭിക്കുക. ഏകദേശം 82 ലക്ഷം ഇന്ത്യൻ രൂപ. സ്വിറ്റ്‌സ്വർലാന്റിന് സമാനമായി ചെറിയ രാജ്യവും, മികച്ച ജീവിത നിലവാരവുമാണ് യഥാർഥത്തിൽ ലക്‌സംബർഗിലും നിങ്ങളെ കാത്തിരിക്കുന്നത്.

അമേരിക്ക

എല്ലാ കാലത്തും കുടിയേറ്റക്കാരുടെ പറുദീസയാണ് അമേരിക്ക. ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനമെന്ന് ഊറ്റം കൊള്ളുമ്പോഴും പല പ്രതിസന്ധികളും രാജ്യം നേരിടുന്നുണ്ട്. എങ്കിലും വർഷാവർഷം ലക്ഷക്കണക്കിന് പേർ നിയമപരമായും, അല്ലാതെയും അമേരിക്ക ലക്ഷ്യം വെച്ച് യാത്ര തിരിക്കുന്നുണ്ട്.

ഇന്ത്യക്കാരെ സംബന്ധിച്ച് വലിയ തോതിൽ കുടിയേറ്റം നടക്കുന്ന രാജ്യങ്ങളാണ് യുകെയും, യുഎസും. നഴ്‌സിങ് മേഖലയിൽ മേഖലയിൽ മികച്ച ശമ്പളം വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാമതാണ് അമേരിക്ക. ഏകദേശം 85,910 ഡോളർ വർഷത്തിൽ നമുക്ക് സമ്പാദിക്കാൻ സാധിക്കും. (74 ലക്ഷം ഇന്ത്യൻ രൂപ). എങ്കിലും ഈ തുക തൊഴിലാളിയുടെ പരിചയം, കഴിവ് എന്നിവ അടിസ്ഥാനമാക്കി വ്യത്യാസപ്പെടുമെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുതയാണ്.

നെതർലാന്റ്‌സ്

കുടിയേറ്റ മലയാളികൾക്കിടയിൽ അത്രകണ്ട് പോപ്പുലറല്ലാത്ത രാജ്യങ്ങളിലൊന്നാണ് നെതർലാന്റ്‌സ്. ഒരു കാലത്ത് നമ്മുടെ രാജ്യത്തെ പിടിച്ചടക്കിയ രാജ്യമാണെങ്കിലും ഇന്ന് നയതന്ത്രപരമായി മറ്റ് രാജ്യങ്ങളോട് സൗഹൃദ സമീപനം സ്വീകരിക്കുന്ന നാടാണ് നെതർലാന്റ്‌സ്. അതുകൊണ്ട് തന്നെ കഴിഞ്ഞ കുറച്ച് നാളുകളായി നെതർലാന്റ്‌സ് ലക്ഷ്യം വെക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലും വർധനവുണ്ടായിക്കൊണ്ടിരിക്കുന്നു.

നഴ്‌സിങ് മേഖലയിൽ ശരാശരി 73,029 ഡോളറാണ് ഡച്ച് രാജ്യത്ത് ഒരു വർഷത്തിൽ ലഭിക്കുക. ഇത് ഏകദേശം
6331420 ഇന്ത്യൻ രൂപയോളം വരും.

കാനഡ

മലയാളികളുടെ പ്രിയപ്പെട്ട കുടിയേറ്റ രാജ്യമാണ് കാനഡ. പഠനത്തിനും ജോലിക്കുമായി ലക്ഷക്കണക്കിന് ഇന്ത്യക്കാർ ഇതിനോടകം കാനഡയിലേക്ക് കുടിയേറിയിട്ടുണ്ട്. മികച്ച ജീവിത നിലവാരവും, നമ്മുടേതിൽ നിന്ന് വ്യത്യസ്തമായി മികച്ച വിദ്യാഭ്യാസ, തൊഴിൽ സാഹചര്യങ്ങളും കാനഡ മുന്നോട്ട് വെക്കുന്നു.

നഴ്‌സിങ് ജോലിക്കാർക്ക് ഏകദേശം 72,729 ഡോളറാണ് കാനഡയിൽ പ്രതിവർഷം ലഭിക്കുന്നത്. (63 ലക്ഷം ഇന്ത്യൻ രൂപ) കാനഡയുടെ സാർവ്വത്രിക ആരോഗ്യ പരിപാലന രംഗം നഴ്‌സുമാർക്ക് സുസ്ഥിരമായ തൊഴിൽ സാഹചര്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.

ജർമ്മനി

മെഡിക്കൽ അനുബന്ധ മേഖലയിൽ ഏറ്റവും കൂടുതൽ സാധ്യതകൾ തുറിന്നിടുന്ന രാജ്യമാണ് ജർമ്മനി. ഇന്ത്യയിൽ നിന്നും യൂറോപ്പിലേക്കുള്ള തൊഴിൽ കുടിയേറ്റത്തിൽ നല്ലൊരു പങ്കും ജർമ്മനിയിലേക്കാണ്. കേരളത്തിൽ നിന്ന് വലിയൊരു വിഭാഗം നഴ്‌സുമാരും ഇതിനോടകം ജർമ്മനിയിൽ ജോലി ചെയ്യുന്നവരുമാണ്.

പ്രതിവർഷം ഏകദേശം 69,981 ഡോളറാണ് ജർമ്മനിയിൽ നഴ്‌സുമാർക്ക് ലഭിക്കുന്നത്. അതായത് 60 ലക്ഷം ഇന്ത്യൻ രൂപയ്ക്കും മുകളിൽ.

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *