ജോലിയൊക്കെ സൂക്ഷിച്ച് തിരഞ്ഞെടുത്തോളൂ.. ഇല്ലേൽ പണികിട്ടും| ഈ 10 ജോലികൾ വെെകാതെ അപ്രത്യക്ഷമാവുമെന്ന് പഠനം

ജോലിയൊക്കെ സൂക്ഷിച്ച് തിരഞ്ഞെടുത്തോളൂ.. ഇല്ലേൽ പണികിട്ടും| ഈ 10 ജോലികൾ വെെകാതെ അപ്രത്യക്ഷമാവുമെന്ന് പഠനം
കാലത്തിനൊത്ത് കോലം മാറണം. നമ്മുടെ നാട്ടില്‍ വളരെ സാധാരണയായി കേള്‍ക്കുന്ന പഴഞ്ചൊല്ലാണിത്. ഓരോ ദിനവും കഴിയുന്നതോടെ നമുക്ക് ചുറ്റും പ്രകടമായ മാറ്റങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ അനുദിനം പുത്തന്‍ മാറ്റങ്ങളാണ് തൊഴില്‍മേഖലയിലും സംഭവിക്കുന്നത്. ലോകത്താകമാനം തൊഴിലില്ലായ്മ നിരക്ക് പുതിയ റെക്കോര്‍ഡിലേക്ക് കുതിക്കുകയും ചെയ്യുന്നു. (extinction of top job sectors in future)
എഐയുടെ കടന്നുവരവോടെ ലോകത്തെമ്പാടും സാങ്കേതിക മേഖലയില്‍ പ്രതീക്ഷകള്‍ക്കപ്പുറമുള്ള മാറ്റങ്ങളാണ് നടക്കുന്നത്. ഇതിന് ചുവടെ പിടിച്ച് അന്താരാഷ്ട്ര തൊഴില്‍ മേഖലകളിലും പ്രകടമായ മാറ്റങ്ങള്‍ വരും നാളുകളില്‍ നടക്കുമെന്നാണ് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നത്. എഐ വ്യാപകമാവുന്നതോടെ തൊഴില്‍ രംഗം കൂടുതല്‍ നൂതനമാകുന്നതോടൊപ്പം, നല്ലൊരു ശതമാനം തൊഴിലാളികള്‍ക്കും അവരുടെ തൊഴില്‍ നഷ്ടപ്പെടുമെന്നും ആശങ്കയുണ്ട്.
പത്ത് തൊഴിലുകള്‍ അപ്രത്യക്ഷമായേക്കും
കുറച്ച് വര്‍ഷങ്ങള്‍ കൂടി കഴിയുന്നതോടെ ചില തൊഴില്‍ മേഖലകള്‍ അപ്പാടെ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. വേള്‍ഡ് ഇക്കണോമിക്‌സ ഫോറം പുറത്തുവിട്ട റിപ്പോര്‍ട്ടിലണ് പുതിയ കണ്ടെത്തല്‍. പത്തോളം തൊഴില്‍ മേഖലകള്‍ വംശനാശത്തിന്റെ വക്കിലാണെന്നാണ് കണ്ടെത്തൽ. അവയ്ക്ക് പകരം പുതിയ മേഖലകള്‍ കളം നിറഞ്ഞാടുമെന്നും മാറ്റങ്ങള്‍ ഉള്‍കൊണ്ട് മുന്നേറാന്‍ സാധിക്കാത്തവര്‍ ഇടറി വീഴാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് വ്യകമാക്കുന്നു.
ബാങ്കുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ക്ലര്‍ക്ക്, ബാങ്ക് ടെല്ലര്‍ അനുബന്ധ ജോലികളാണ് അകാല ചരമം ബാധിക്കുന്ന ഒരു കൂട്ടര്‍. ഇവയ്ക്ക് പുറമെ ഡാറ്റ എന്‍ട്രി, കാഷ്യര്‍, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, എക്‌സിക്യൂട്ടീവ് സെക്രട്ടറി, പ്രിന്റിങ് മേഖലയുമായി ബന്ധപ്പെട്ട ജോലികള്‍, കണ്ടക്ടര്‍, ഡോര്‍ ടു ഡോര്‍ സെയില്‍സ്, വഴിയോര കച്ചവടക്കാര്‍, കസ്റ്റമര്‍ സര്‍വീസ് എന്നിവ ഭീഷണിയിലാണെന്നാണ് കണ്ടെത്തല്‍. വരും നാളുകളില്‍ ഈ മേഖലകള്‍ പൂര്‍ണ്ണമായി അപ്രത്യക്ഷമാവുകയോ, പുതിയ രീതിയിലേക്ക് മാറ്റപ്പെടുകയോ ചെയ്യുമെന്നാണ് അനുമാനം. അതേസമയം നിലവിൽ ഈ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ ഭാവിയും പ്രവചനാതീതമാണ്. പലരും മറ്റ് തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കേണ്ടി വരുമെന്നാണ് അനുമാനം.
Read also: വിദേശ കരിയർ സ്വപ്നം കാണുന്നവരാണോ? വിദ്യാർഥികള്‍ക്ക് മികച്ച സാധ്യതകളുള്ള രാജ്യങ്ങള്‍ പരിചയപ്പെടാ0 |
ക്രിയേറ്റീവ് മേഖലയിലും മാറ്റങ്ങള്‍
എഐയുടെ കടന്ന് വരവ് ഡിജിറ്റല്‍ യുഗത്തില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് കൊണ്ടുവന്നത്. ഗ്രാഫിക് ഡിസൈനിങ്, വെബ് ഡെവലപ്പിങ്, സോഫ്റ്റ് വെയര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് തുടങ്ങിയ മേഖലകളില്‍ പരമ്പരാഗത രീതികള്‍ക്ക് തന്നെ എഐ മാറ്റങ്ങള്‍ വരുത്തി. ഇതോടെ ഇത്തരം ക്രിയേറ്റീവ് ടെക് ജോലികളിലും മാറ്റങ്ങള്‍ കടന്നുവന്നു. 2030 ഓടെ ലോകത്തെ 39 ശതമാനം തൊഴിലുകളും പുതിയ രീതിയിലേക്ക് മാറുമെന്നാണ് പഠനം. ഇത് 90 ലക്ഷം തൊഴിലാളികളുടെ ഉപജീവനത്തെ പ്രകടമായി ബാധിക്കും. ഈ മാറ്റങ്ങളോട് കിടപിടിക്കാന്‍ വരും നാളുകളില്‍ നൂതനമായ തൊഴില്‍ രൂപങ്ങളിലേക്ക് നമ്മള്‍ മാറണമെന്ന് ചുരുക്കം.
പ്രതീക്ഷകള്‍
ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ചില പ്രതീക്ഷകളും ഈ അവസരത്തില്‍ ഉയര്‍ന്ന് വരുന്നുണ്ട്. 2030 ഓടെ 90 ലക്ഷം തൊഴിലാളികള്‍ക്ക് പ്രതിസന്ധി ഉണ്ടാവുമെങ്കിലും സാങ്കേതിക വളര്‍ച്ച മൂലം 1.9 കോടി പേര്‍ക്ക് ഡിജിറ്റല്‍ മേഖലയില്‍ മാത്രം പുതിയ അവസരങ്ങള്‍ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക തൊഴില്‍ വിപണി 14 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഈ മാറ്റങ്ങൾ ഇന്ത്യയിലും ചലനങ്ങൾ സൃഷ്ടിച്ചേക്കും. രാജ്യത്ത് തൊഴിൽ വിപണിയിൽ നിലവിലുള്ള പ്രതിസന്ധി മറികടക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. നിലവിൽ യുവാക്കളും, അഭ്യസ്ത വിദ്യാരായ ജനങ്ങളും ജോലിക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണ് ഉള്ളത്. തൊഴിൽ വിപണിയിൽ ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്ക് വിദേശ രാജ്യങ്ങൾ പാത്രമാകുമ്പോൾ ഇനി വരും നാളുകളിൽ നമ്മുടെ ഭാവി എന്താകുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.
World Economic Forum Official Website Link-