Study Abroad | കുറഞ്ഞ ചെലവില്‍ മികച്ച കരിയര്‍ നല്‍കുന്ന വിദേശ രാജ്യങ്ങള്‍ പരിചയപ്പെടാം

Study Abroad | കുറഞ്ഞ ചെലവില്‍ മികച്ച കരിയര്‍ നല്‍കുന്ന വിദേശ രാജ്യങ്ങള്‍ പരിചയപ്പെടാം
ഉപരിപഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നത് ഇന്ന് മലയാളികള്‍ക്കിടയില്‍ ട്രെന്‍ഡിങ്ങാണ്. യുകെ, യുഎസ്, കാനഡ തുടങ്ങിയ സുപ്രധാന കുടിയേറ്റ കേന്ദ്രങ്ങളാണ് വിദ്യാര്‍ഥികള്‍ അധികവും തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇവിടങ്ങളില്‍ ഉയരുന്ന സാമ്പത്തിക ഞെരുക്കവും, ജീവിതച്ചെലവും, കുടിയേറ്റ വിരുദ്ധ നിയമങ്ങളും വിദ്യാര്‍ഥികളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. യൂറോപ്പിന് പുറത്തേക്ക് ഏഷ്യയിലേക്കും, മിഡില്‍ ഈസ്റ്റിലേക്കും വിദ്യാര്‍ഥി കുടിയേറ്റം വ്യാപകമാവുന്നുണ്ടെന്നാണ് കണ്ടെത്തല്‍. (Affordable Study Abroad Destinations 2025 with Excellent Career Opportunities )
പലരുടെയും വിദേശ പഠന മോഹങ്ങള്‍ക്ക് തിരിച്ചടിയാവുന്നത് സാമ്പത്തിക ചുറ്റുപാടാണ്. യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിസ ലഭിക്കാന്‍ തന്നെ ലക്ഷങ്ങള്‍ ചിലവഴിക്കണം. അതിന് ശേഷം യൂണിവേഴ്‌സിറ്റികളില്‍ ആവശ്യമായി വരുന്ന ട്യൂഷന്‍ ഫീ, റൂം വാടക, യാത്രാചെലവ് എന്നിവയൊക്കെ വിദ്യാര്‍ഥികള്‍ തന്നെ വഹിക്കേണ്ടി വരും. അതുകൊണ്ട് തന്നെ താരതമ്യേന ചിലവ് കുറഞ്ഞ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിനാണ് പലരും ശ്രമിക്കുന്നത്. അത്തരത്തില്‍ 2025ല്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്ന കുറച്ച് രാജ്യങ്ങള്‍ പരിചയപ്പെടാം…
ജര്‍മ്മനി
യൂറോപ്പില്‍ തന്നെ യുകെ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിലൊന്നാണ് ജര്‍മ്മനി. അയല്‍രാജ്യങ്ങളെ താരതമ്യപ്പെടുത്തി നോക്കിയാല്‍ താരതമ്യേന കുറഞ്ഞ ട്യൂഷന്‍ ഫീസില്‍ നിങ്ങള്‍ക്ക് പഠനം പൂര്‍ത്തിയാക്കാനാവും. കേരള സര്‍ക്കാരിന് കീഴിലുള്ള നോര്‍ക്ക റൂട്ട്‌സ് വഴിയൊക്കെ നിരവധി തൊഴില്‍ റിക്രൂട്ട്‌മെന്റുകളും ജര്‍മ്മനിയിലേക്ക് നടക്കുന്നുണ്ട്. ജനസംഖ്യയിലെ തൊഴില്‍ ശക്തിയുടെ ദൗര്‍ഭല്യം മറികടക്കാനായി കുടിയേറ്റം പ്രോത്സാഹിപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് ജര്‍മ്മന്‍ സര്‍ക്കാര്‍ തുടക്കിടുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ജര്‍മ്മന്‍ കുടിയേറ്റം ഇനിയും വര്‍ധിക്കാനാണ് സാധ്യത.
നെതര്‍ലാന്റ്‌സ്
വിദേശ വിദ്യാഭ്യാസ രംഗം അത്ര പോപ്പുലറായ സമയത്തൊന്നും മലയാളികള്‍ അധികം പരീക്ഷിക്കാത്ത രാജ്യമായിരുന്നു നെതര്‍ലാന്റ്. നെതര്‍ലാന്റ് സര്‍ക്കാരും കുടിയേറ്റം അത്രകണ്ട് പ്രോത്സാഹിപ്പിച്ചിരുന്നില്ല. എന്നാല്‍ കോവിഡിന് ശേഷം ചിത്രം തന്നെ മാറി. ഇന്ന് വിദ്യാര്‍ഥികള്‍ക്കിടയില്‍ നെതര്‍ലാന്റ് ലക്ഷ്യം വെക്കുന്നവരുടെ എണ്ണം കൂടുതലാണ്. കുറഞ്ഞ ജീവിതച്ചെലവും, ട്യൂഷന്‍ ഫീയും, ഉയര്‍ന്ന ജോലി സാധ്യതയുമാണ് നെതര്‍ലാന്റിനെ വ്യത്യസ്തമാക്കുന്നത്. വിദേശ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിനായി കൂടുതല്‍ ഇംഗ്ലീഷ് കോഴ്‌സുകള്‍ തങ്ങളുടെ യൂണിവേഴ്‌സിറ്റികളില്‍ പ്രാബല്യത്തില്‍ വരുത്താനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാരും.
അയര്‍ലാന്റ്
ടെക് മേഖലയില്‍ മികച്ച കരിയര്‍ സ്വപനം കാണുന്നവര്‍ക്ക് അനവധി സാധ്യതകള്‍ തുറന്നിടുന്ന രാജ്യങ്ങളിലൊന്നാണ് അയര്‍ലാന്റ്. യുണൈറ്റഡ് കിങ്ഡത്തില്‍ ഉള്‍പ്പെട്ട രാജ്യമായത് കൊണ്ടുതന്നെ സാമ്പത്തിക പുരോഗതിയും അയര്‍ലാന്റിന് മുതല്‍ക്കൂട്ടാണ്. ടെക്‌നോളജി, ബിസിനസ്, സയന്‍സ്, മേഖലകളില്‍ പഠനം ആഗ്രഹിക്കുന്നവര്‍ക്ക് അയര്‍ലാന്റ് തിരഞ്ഞെടുക്കാമെന്ന് ചുരുക്കം.
സൗത്ത് കൊറിയ & ജപ്പാന്‍
ഏഷ്യയിലെ തന്നെ സമ്പന്ന രാജ്യങ്ങളുടെ പരിധിയില്‍പ്പെടുന്ന രാഷ്ട്രങ്ങളാണ് ജപ്പാനും സൗത്ത് കൊറിയയും. ടെക്‌നോളജി, ഗവേഷണം, എഞ്ചിനീയറിങ്, ഐടി മേഖലകളില്‍ മികച്ച കരിയര്‍ സാധ്യതകള്‍ തുറന്നിടുന്ന രാജ്യങ്ങളാണ് ഇവരണ്ടും. ലോകോത്തര ടെക് ഭീമന്‍മാരായ സാംസങ്, സോണി, എല്‍ജി തുടങ്ങിയ ഭീമന്‍മാരുടെ മാതൃരാജ്യങ്ങളാണിവ. വിദേശ വിദ്യാര്‍ഥികള്‍ക്കായി ഇംഗ്ലീഷിലും കോഴ്‌സുകള്‍ അനുവദിക്കുന്ന യൂണിവേഴ്‌സിറ്റികള്‍ ഇരു രാജ്യങ്ങളിലുമുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞ ചെലവില്‍ നിങ്ങള്‍ക്ക് പഠനം പൂര്‍ത്തിയാക്കാനും സാധിക്കും.
ഈസ്റ്റേണ്‍ യൂറോപ്പ്
യൂറോപ്പില്‍ തന്നെ കിഴക്കന്‍ പ്രവിശ്യകളിലെ രാജ്യങ്ങള്‍ തിരഞ്ഞെടുക്കുന്നത് മികച്ച ഓപ്ഷനാണ്. പോളണ്ട്, ഹംഗറി, ചെക്ക റിപ്പബ്ലിക് മുതലായ രാജ്യങ്ങള്‍ ഉയര്‍ന്ന ജീവിത നിലവാരം പുലര്‍ത്തുന്നവയാണ്. അതോടൊപ്പം കുറഞ്ഞ ട്യൂഷന്‍ ഫീസും, സാമ്പത്തിക ചെലവുകളുമാണ് ഉള്ളത്. എന്നാല്‍ വിദ്യാഭ്യാസ നിലവാരത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയും ഇല്ലതാനും. സാമ്പത്തിക ഭാരമില്ലാതെ യൂറോപ്യന്‍ രാജ്യങ്ങളില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ രാജ്യങ്ങള്‍ തിരഞ്ഞെടുക്കാം.