യുകെയില്‍ പഠിക്കാം, ജോലി ചെയ്യാം; ഇന്ത്യക്കാര്‍ക്ക് മാത്രമായി യങ് പ്രൊഫഷണല്‍ സ്‌കീം

യുകെയില്‍ പഠിക്കാം, ജോലി ചെയ്യാം; ഇന്ത്യക്കാര്‍ക്ക് മാത്രമായി യങ് പ്രൊഫഷണല്‍ സ്‌കീം; അപേക്ഷയിങ്ങനെ-India UK Young Professionals visa eligibility
വിദേശ രാജ്യങ്ങളിലേക്ക് ജോലിക്കും, പഠനത്തിനുമായി ചേക്കേറുന്ന ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിലൊന്നാണ് യുകെ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യുകെയിലേക്കുള്ള മലയാളി കുടിയേറ്റം വലിയ തോതില്‍ വര്‍ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. (content highlight: India UK Young Professionals visa eligibility and how to apply)
മെച്ചപ്പെട്ട ജീവത സാഹചര്യം, പഠനാന്തരീക്ഷം, ജോലി സാധ്യതകള്‍, സാമ്പത്തിക ലാഭം, നമ്മുടേതില്‍ നിന്ന് വ്യത്യസ്തമായ ജീവിത രീതി, വര്‍ഷങ്ങളായി നടക്കുന്ന കുടിയേറ്റം എന്നിവയൊക്കെയാണ് യുകെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന കാരണം. കേരളത്തിലെ അഭ്യസ്ത വിദ്യരായ വിദ്യാര്‍ഥികള്‍ക്ക് നാട്ടില്‍ നിന്ന് കിട്ടുന്നതിനേക്കാള്‍ സാധ്യതകളാണ് യൂറോപ്യന്‍ രാജ്യങ്ങളിലുള്ളത്. അതുകൊണ്ട് തന്നെ പലരും കോളജ് കാലഘട്ടത്തില്‍ തന്നെ യുകെയിലേക്കും, അമേരിക്ക, കാനഡ, ജര്‍മ്മനി തുടങ്ങിയ ലക്ഷ്യങ്ങള്‍ തേടി പറക്കുകയാണ്.
അത്തരത്തില്‍ യുകെ ലക്ഷ്യം വെക്കുന്ന മലയാളികള്‍ക്ക് പുതിയൊരു സാധ്യതയെക്കുറിച്ചാണ് ചുവടെ പറയുന്നത്. ഏകദേശം 3000 ലധികം ഇന്ത്യക്കാര്‍ക്ക് യുകെയിലേക്ക് പഠനത്തിനും, ജോലിക്കുമായി യാത്ര ചെയ്യാനുള്ള പദ്ധതിയാണ് യങ് പ്രൊഫഷണല്‍ സ്‌കീമിന് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്.
യങ് പ്രൊഫഷണല്‍ സ്‌കീം
ഏകദേശം മൂവായിരത്തോളം ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് യുകെയില്‍ രണ്ട് വര്‍ഷം വരെ ജീവിക്കാനും, ജോലി ചെയ്യാനും പഠിക്കാനും, യാത്രചെയ്യാനും അനുവദിക്കുന്ന യുകെ സര്‍ക്കാരിന്റെ വിസ പദ്ധതിയാണ് യുകെ-ഇന്ത്യ യങ് പ്രൊഫണഷല്‍സ് സ്‌കീം. യുകെ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് നിങ്ങള്‍ അപേക്ഷ നല്‍കണം. യുകെ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച യോഗ്യത മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ യങ്-ഇന്ത്യ പ്രൊഫഷണല്‍ സ്‌കീം ബാലറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അപേക്ഷ നല്‍കണം. ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് വിസ അനുവദിക്കുക.
വിസ ലഭിച്ചാല്‍ രണ്ട് വര്‍ഷം (24 മാസം) വരെ നിങ്ങള്‍ക്ക് യുകെയില്‍ ചിലവഴിക്കാം. പഠിക്കാനും ജോലി ചെയ്യാനുമുള്ള അനുമതി നിങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കും.
യോഗ്യത മാനദണ്ഡങ്ങള്‍
- ഇന്ത്യന്‍ പൗരനായിരിക്കണം
- 18 നും 30നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
- വിദ്യാഭ്യാസ യോഗ്യത വേണം (വിശദ വിവരങ്ങള്‍ ചുവടെ)
- 2530 പൗണ്ട് ബാങ്ക് ബാലന്‍സ് ഉണ്ടായിരിക്കണം.
- 18 വയസിന് താഴെയുള്ള കുട്ടികള്‍ ഉണ്ടായിരിക്കരുത്
ഫീസ് മാനദണ്ഡങ്ങള്‍
അപേക്ഷ ഫീയായി 298 പൗണ്ട്, ഹെല്‍ത്ത് കെയര്‍ സര്‍ചാര്‍ജ് 1552 പൗണ്ട് അടയ്ക്കണം. പേഴ്‌സണല്‍ സേവിങ്‌സ് ഇനത്തില്‍ 2530 പൗണ്ട് നിങ്ങളുടെ ബാങ്ക് ബാലന്‍സായി കാണിക്കണം.
അപേക്ഷിക്കേണ്ട വിധം?
താൽപര്യമുള്ളവർ Young India Professionals Scheme balltot ല്‍ രജിസ്റ്റര്‍ ചെയ്യണം. യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ മാത്രമേ സ്വീകരിക്കൂ. അപേക്ഷ ബാലറ്റ് ഫെബ്രുവരി 18-ന് ഉച്ചയ്ക്ക് 2.30-ന് (ഇന്ത്യന്‍ സമയം) തുറക്കുകയും 20-ന് ഉച്ചയ്ക്ക് 2.30-ന് അടയ്ക്കുകയും ചെയ്യും. വിജയിച്ച അപേക്ഷകരെ ബാലറ്റിന് ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ തിരഞ്ഞെടുക്കുകയും ഇക്കാര്യം അറിയിക്കുകയും ചെയ്യും.
രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ നിങ്ങള്‍ക്ക് യങ് പ്രൊഫഷണല്‍ സ്‌കീം വിസക്കുള്ള അപേക്ഷ നല്‍കാനുള്ള അറിയിപ്പ് ഇമെയിലിലൂടെ ലഭിക്കും. തുടര്‍ന്ന് ഐഡന്റിറ്റി വെരിഫിക്കേഷനും, ഡോക്യുമെന്റ് വെരിഫിക്കേഷനും നടക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിക്കി ആറുമാസത്തിനകം നിങ്ങള്‍ യുകെയിൽ പ്രവേശിക്കേണ്ടി വരും.
യങ് പ്രൊഫഷണല്‍ സ്‌കീമുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്‍കുന്നതിനുമായി ചുവടെ നല്‍കിയിരിക്കുന്ന ലിങ്കുകള്‍ സന്ദര്‍ശിക്കുക.